കൊച്ചി : പീഡനക്കേസിൽ പൊലീസ് തേടുന്ന റാപ്പർ വേടനെ പിന്തുണച്ച് മന്ത്രി ഒ ആർ കേളു. പുലി നഖം കെട്ടി നടന്നവരും, ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിൽ ഉണ്ടെന്നും അവർക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളതെന്നുമാണ് കേളുവിന്റെ പ്രസ്താവന .
വേടനെ ഒതുക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത് . ജാതിയുടെ അതിർവരമ്പുകൾ സൃഷ്ടിക്കാനും നീക്കം നടക്കുന്നു .വേടന്റെ പരിപാടികൾക്ക് ആളു കൂടിയപ്പോൾ ചിലർക്ക് വിറളിപ്പിടിച്ചുവെന്നും കേളു പറഞ്ഞു.
ഒരു റോഡ് മോശമായാൽ കേരളത്തിലെ എല്ലാ റോഡുകളും മോശമാണെന്നും, ഒരു സ്കൂൾ കെട്ടിടത്തിലോ.,പാലത്തിലോ തകർച്ചയുണ്ടായാൽ എല്ലാം തകർന്നുവെന്നും വരുത്താനാണ് ശ്രമം . സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കേളു പറഞ്ഞു.
പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ഉന്നതി അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതാണ് കേളു. അതേസമയം ബലാത്സംഗക്കേസിൽ വേടന് വേണ്ടി പരിശോധന ശക്തം . സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വേടന്റെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.ഹർജി 18 ന് പരിഗണിക്കും .
പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഷിജു പി.എസ് പറഞ്ഞു. വേടന്റെ ആരാധികയായ യുവ ഡോക്ടർ സോഷ്യൽ മീഡിയ വഴിയാണ് വേടനുമായി പരിചയപ്പെട്ടത്.
സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ച ചെയ്യാൻ എന്ന പേരിൽ തന്റെ അപ്പാർട്ട്മെന്റിൽ വേടൻ വന്നപ്പോഴാണ് ആദ്യ പീഡനം നടന്നത്. 2021 നും 2023 നും ഇടയിൽ വേടൻ യുവതിയെ പലതവണ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുനൽകിയതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പലതവണ തന്നിൽ നിന്ന് പണം കടം വാങ്ങിയതായും അവർ ആരോപിച്ചു. ഐപിസി സെക്ഷൻ 376(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

