തിരുവനന്തപുരം ; ചെങ്ങന്നൂരിലെ ഭാസ്ക്കര കാരണവർ കേസിലെ ഒന്നാം പ്രതി ഷെറിനെ ജയിലിൽ നിന്ന് ഇറക്കാൻ ഇടപെട്ടത് മന്ത്രി ഗണേശ് കുമാറാണെന്ന് ആരോപണം . ഷെറിന് ശിക്ഷയിൽ ഇളവ് ലഭിക്കാൻ എടുത്ത മന്ത്രിസഭാ തീരുമാനവും , സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച കൊലക്കേസ് പ്രതിയും ഷെറിനാണെന്ന കാര്യം ചർച്ചയാകുന്നതിനിടെയാണ് ഗണേശിന്റെ പേരും ഇക്കാര്യത്തിൽ ഉയർന്നത് .
ഷെറിനെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ വച്ചത് ഗണേശാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് ജ്യോതി കുമാർ ചാമക്കാലയാണ് . മാത്രമല്ല ഷെറിന് പരോൾ കിട്ടിയ സമയത്ത് സഹായവുമായി നിന്നത് ഗണേശിന്റെ സന്തതസഹചാരി കോട്ടാത്തല പ്രദീപാണെന്നും , താൻ ഈ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ഗണേശ് കേസെടുക്കട്ടെയെന്നുമാണ് ചാമക്കാലയുടെ വാദം.
20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നവർ ഉള്ളപ്പോഴാണ് ഷെറിന് ഇളവ് നൽകുന്നത് . എന്തുകൊണ്ടാണ് ഷെറിന് മാത്രം ഈ പ്രത്യേക പരിഗണനയെന്ന് ഒന്നാം സാക്ഷിയും ചോദ്യം ഉന്നയിച്ചിരുന്നു.ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഷെറിൻ പുറത്തായിരുന്നു . 2016 ൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് കേരളത്തിലെ മറ്റ് തടവുകാര്‍ക്കൊന്നും പരോള്‍ നല്കാതിരിക്കുമ്പോൾ പോലും ഷെറിന് മാത്രം പരോൾ കിട്ടി. ആദ്യം 30 ദിവസമായിരുന്ന പരോൾ പിന്നീട് വീണ്ടും 30 ദിവസത്തേയ്ക്ക് കൂടി നീട്ടി നൽകുകയും ചെയ്തു. ഇതെല്ലാം ഷെറിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പിനുള്ള പ്രത്യേക താല്പര്യമാണ് കാട്ടുന്നത് .