കൊച്ചി ; മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. വെള്ളാപ്പള്ളി അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണ്ടെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സർക്കാർ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസിലെ പ്രതികൾ പൊതുജന ഓഫീസുകളും ആയി ബന്ധമില്ലാത്തവർ ആയതിനാൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ അനുമതി അനിവാര്യമാണെന്നായിരുന്നു ഹർജിക്കാരുടെ നിലപാട്. കേസിലെ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള പ്രതികൾ ആരും തന്നെ പൊതുകാര്യാലയങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകളല്ല . അതുകൊണ്ട് പ്രൊസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഉത്തരവാണിത് . ഇതുമായി ബന്ധപ്പെട്ട കേസുകളിലും കുറ്റപത്രം തയാറായിട്ടുണ്ടെങ്കിലും പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കമുള്ളതിനാൽ കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കോടതി ഉത്തരവ് വന്നതോടെ കേസിലെ എട്ടോളം കുറ്റപത്രങ്ങൾ ഇനി കോടതിയിലേയ്ക്ക് വരും. വിചാരണ നടപടികളിലേയ്ക്ക് കടക്കുന്നതിനും തടസമുണ്ടാകില്ല.

