തിരുവനന്തപുരം : ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എഡിജിപൊ എം ആർ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം . ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണ ചുമതല. അതേസമയം സർവീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തരമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റ ശേഷം ചേർന്ന ആദ്യ മന്ത്രിസഭയോഗത്തിൽ തന്നെ ആലപ്പുഴയിലെ രക്ഷാപ്രവർത്തനകേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അജിത് കുമാറിനെ മൂന്ന് മാസത്തേയ്ക്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത് . ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി 120 ദിവസം പിന്നിട്ടപ്പോഴാണ് ഒക്ടോബർ മാസത്തിൽ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയത്.
പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന കേസിൽ എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ അട്ടിമറി നടന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ നടത്തിയെന്ന് കേസ് അന്വേഷിച്ച ആദ്യ സംഘവും എസ് ഐ ടിയ്ക്ക് മൊഴി നൽകിയിരുന്നു.
എഡിജിപിയുടെ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകളില്‍ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.

