ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളം സന്ദർശിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് . അർജന്റീനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സ്പോൺസർ കരാർ തുക അടയ്ക്കാത്തതാണു കാരണം. സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. ധാരണപ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്നു മാസമായിട്ടും പ്രതികരണമില്ലാത്തതിനാലാണു അർജന്റീന ടീമിന്റെ ഭാഗത്തുനിന്നുള്ള നീക്കം
അർജന്റീന അംഗോളയിലും ഖത്തറിലുമുള്ള അവരുടെ മത്സരങ്ങൾ സ്ഥിരീകരിച്ചതായി കായിക പത്രപ്രവർത്തകൻ ഗാസ്റ്റൺ എഡുൽ അറിയിച്ചു. ഒക്ടോബറിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ അവരുടെ മത്സരം ഒക്ടോബറിൽ ചൈനയുമായാണ്. അർജന്റീന ടീമും മെസ്സിയും ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാനാണ് അറിയിച്ചിരുന്നത്.
അർജന്റീന ആഫ്രിക്കയിൽ അംഗോളയെ നേരിടും, ഖത്തറിൽ അവരുടെ മത്സരം യുഎസ്എയുമായാണ്. അർജന്റീന ചൈനയുമായും രണ്ട് മത്സരങ്ങൾ കളിക്കും. 2011 ൽ അർജന്റീന മുമ്പ് ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് വെനിസ്വേലയായിരുന്നു അവരുടെ എതിരാളി. മത്സരം 1-0 ന് അർജന്റീന വിജയിച്ചു. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ വിജയം കേരളത്തിൽ വലിയ ആഘോഷമായിരുന്നു. ഇതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ചത്.

