കൊച്ചി : മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മേയർ വി കെ മിനിമോൾ. തനിക്ക് എല്ലാവരുടെയും പിന്തുണ കിട്ടിയെന്നും രാവിലെ നടന്നത് വൈകാരികമായി പറഞ്ഞതാണെന്നും വി കെ മിനിമോൾ പറഞ്ഞു. എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചു. പാർട്ടി പരിഗണിച്ചത് തന്റെ സീനിയോരിറ്റിയും കഴിവുമാണെന്നും അനഅർഹതയുടെ പ്രശ്നമില്ലെന്നും വികെ മിനിമോൾ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്നും ആര്‍ക്കെങ്കിലും പ്രത്യേക പരിഗണന നല്കിയിട്ടുണ്ടെങ്കില് ഭരണഘടനാ വിരുദ്ധമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു .മേയര്‍ പദവിക്കായി ലത്തീന്‍ സഭ ഇടപെട്ടെന്ന വി.കെ മിനിമോളുടെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. തന്റെ പരാമര്‍ശത്തെ കുറിച്ച് മേയര്‍ തന്നെ വിശദീകരിക്കട്ടെയെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കൊച്ചി മേയര്‍ പദവി തനിക്ക് ലഭിക്കാന്‍ സഭ ഇടപെട്ടിരുന്നുവെന്ന് മേയര്‍ വി.കെ മിനിമോള്‍ തുറന്ന് പറഞ്ഞിരുന്നു.മേയര്‍ പദവി തനിക്ക് ലഭിക്കുന്നതിന് വേണ്ടി പിതാക്കന്മാര് സംസാരിച്ചതായാണ് വി കെ മിനിമോള്‍ പറഞ്ഞത്.കൊച്ചിയില്‍ നടന്ന കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയിലാണ് മേയര്‍ ലത്തീന്‍ സഭയുടെ ഉറച്ച ശബ്ദമാണ് തനിക്ക് ഗുണമായത് എന്ന നിലയില്‍ പ്രസംഗിച്ചത്.
ദീപ്തി മേരി വര്‍ഗീസ്, വികെ മിനി മോള്, ഷൈനി മാത്യു എന്നിവരില്‍ മേയര്‍ സ്ഥാനം ലത്തീന്‍ സമുദായത്തിന് വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ചര്‍ച്ച വികെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തി മേരി വര്‍ഗീസിന്റെ പരാതി നേതൃത്വത്തിന് മുമ്പാകെയുള്ളപ്പോഴാണ് മേയര്‍ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളുടെ പരസ്യ പ്രതികരണമുണ്ടായത്.
മിനിമോള്‍ സഭാ നേതാക്കള്‍ക്ക് നന്ദി പറയുകയും ഉണ്ടായി.സംഘടനാ ശക്തിയുടെ തെളിവാണിതെന്നും വ്യക്തമാക്കി. കൊച്ചി കോര്‍പറേഷനിലുള്ള 47 കൗണ്‍സിലര്‍മാരില്‍ 18 പേര് ലത്തീന്‍ സഭാംഗങ്ങളാണ്. ടേം വ്യവസ്ഥയില്‍ മേയര്‍ സ്ഥാനം രണ്ടര വര്‍ഷത്തിനുശേഷം ഷൈനി മാത്യുവിന് നല്‍കാനാണ് ധാരണ.

