അബുദാബി ; ഇറാൻ-ഇസ്രയേൽ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്ടറുമായ എം.എ. യൂസഫലി. ഗൾഫിലെ നിലവിലെ സാഹചര്യങ്ങൾ സുരക്ഷിതമാണെന്നും അനാവശ്യമായ ആശങ്കകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പ്രത്യേകം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗൾഫിലുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ല.ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സംഭവങ്ങളെ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നത് പ്രവാസി കുടുംബങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.
വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ചും ഊഹാപോഹങ്ങൾ അഴിച്ചുവിട്ടും ചിലർ നടത്തുന്ന പ്രചാരണങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങൾ സുരക്ഷിതമായിരിക്കാൻ എല്ലാവരും പ്രാർഥിക്കണം
ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ളവരാണിവർ . അവർക്ക് അതിനുള്ള കഴിവും ബുദ്ധിയും സമ്പത്തും തന്റേടവുമുണ്ട്.‘ എന്നും യൂസഫലി പറഞ്ഞു.

