തിരുവനന്തപുരം: കാറിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിയതിന് തിരുവനന്തപുരത്ത് ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റിലായി. അവധിക്കാല യാത്രയുടെ മറവിൽ ദമ്പതികൾ കുട്ടികളെയും കാറിൽ കയറ്റി നിരോധിത ലഹരിവസ്തുക്കൾ കടത്തുകയായിരുന്നു. വട്ടിയൂർക്കാവ് ഐഎഎസ് കോളനിയിലെ വാടകക്കാരനായ ശ്യാം (35), ഭാര്യ രശ്മി (31), ആര്യനാട് കടുവാക്കുഴിയിലെ കുരിശടിയിലെ നൗഫൽ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് നൗഫൽ (24), രാജാജി നഗർ നിവാസി സഞ്ജയ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സിറ്റി ഡാൻസാഫ് പോലീസ് ഇവരിൽ നിന്ന് അര കിലോ എംഡിഎംഎയും ഒമ്പത് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം-കരോട് ബൈപാസിലെ കോവളം ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഇടപാടിനെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് സംഘം മഫ്തിയിലായിരുന്നു. മൂന്ന് മാസം മുമ്പ് കൊല്ലത്തെ ചാത്തന്നൂരിൽ പണയം വച്ച കാറിലാണ് സംഘം മയക്കുമരുന്ന് കടത്തിയത്
ബെംഗളൂരുവിൽ നിന്ന് തമിഴ്നാട്ടിലെ കവലൂരിലെത്തിയ ശ്യാമും രശ്മിയും മയക്കുമരുന്നുമായി കന്യാകുമാരിയിലും തുടർന്ന് തീരദേശ റോഡ് വഴി കോവളത്തും എത്തുകയായിരുന്നു.

