ബെംഗളൂരു: കർണാടക അതിർത്തിയിലെ ഹൊസ്കോട്ടയിൽ ഉണ്ടായ അപകടത്തിൽ മരിച്ച ഏഴ് പേരിൽ മലയാളിയും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ. യെലഹങ്കയിലെ ആർ വി കോളേജിലെ മലയാളി വിദ്യാർത്ഥിയായ അശ്വിൻ നായർ (17) ആണ് മരിച്ചത് . അമിതവേഗതയിൽ വന്ന കാർ ആദ്യം ബൈക്കിൽ ഇടിക്കുകയും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഗുഡ്സ് ലോറിയിൽ ഇടിക്കുകയുമായിരുന്നു.
കാറിലുണ്ടായിരുന്ന അശ്വിൻ , അർഹാൻ ഷെരീഫ്, അയാൻ അലി (17), ഫ്രേസർ ടൗണിലെ ഭരത് (18), ഏഥൻ ജോർജ് (17) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു വിദ്യാർത്ഥിയുടെ പേര് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരീക്ഷ പൂർത്തിയാക്കിയതിന്റെ ആഘോഷത്തിനായി ഇവർ പോകുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ബൈക്ക് യാത്രക്കാരൻ ഗഗനും (26) സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഹോസ്കോട്ടിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ് ഗഗൻ. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവർ സഹപാഠികളോ സുഹൃത്തുക്കളോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഹൊസ്കോട്ട്-ദാബാസ്പേട്ട് ദേശീയ പാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ 4.50 നാണ് അപകടം. കൂട്ടിയിടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻഭാഗത്തെ ആക്സിൽ പൊട്ടി ബാരിയറിൽ ഇടിച്ച ശേഷം സർവീസ് റോഡിലേക്ക് മറിഞ്ഞു. നാട്ടുകാർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഹോസ്കോട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തകർന്ന വാഹനങ്ങൾ ക്രെയിനിന്റെ സഹായത്തോടെ പ്രധാന റോഡിൽ നിന്ന് നീക്കം ചെയ്തു.

