പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത് . പൂനെയിലെ പിംപ്രിയിൽ താമസിക്കുകയായിരുന്നു ഇവർ.
ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കുടുംബത്തിന് ചില സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാണ് കുടുംബത്തെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്നാണ് നിഗമനം. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.അധ്യാപികയായ സിൽജ കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളിൽ പോയിരുന്നില്ല. സ്കൂൾ അധികൃതർ തിരക്കി എത്തിയപ്പോഴാണ് അയല്‍വാസികളും ശ്രദ്ധിക്കുന്നത് .
ഫ്ലാറ്റിലെത്തി വിളിച്ചു നോക്കിയെങ്കിലും വാതിൽ തുറന്നില്ല. വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടത്. വിനോദ് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരിച്ചു . സിൽജയെയും പൂർണിമയെയും ജീവനോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

