തിരുവനന്തപുരം: മകരവിളക്കിന് ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ . മകരവിളക്കിനിടെ പ്രവർത്തിക്കുന്ന “ മുറി മാഫിയകളെ” തടയാൻ ഇത്തവണ കർശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം ആരംഭിക്കും. സാധുവായ തിരിച്ചറിയൽ രേഖകൾ നൽകിയാൽ മാത്രമേ മുറികൾ ബുക്ക് ചെയ്യാൻ കഴിയൂ.
ദർശന പാസുകൾ കൈമാറ്റം ചെയ്യുന്നത് തടയാൻ തിരുമുറ്റം സന്ദർശിക്കുന്നതിന് ഫോട്ടോ പതിച്ച പാസുകൾ നൽകും . ശബരിമല മാസ്റ്റർ പ്ലാൻ അനുസരിച്ച് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം കെ. ജയകുമാർ പറഞ്ഞു.. ശബരിമലയിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിൽ പമ്പയെ കൂടുതൽ മനോഹരമാക്കും. നിലയ്ക്കലും പമ്പയും കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്.
രണ്ട് വർഷത്തിനുള്ളിൽ ആദ്യഘട്ട ജോലികൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. തിരുമുറ്റത്തെ സ്ഥലപരിമിതി പരിഹരിക്കുന്നതിന് ചില വികസന പ്രവർത്തനങ്ങൾ ആവശ്യമാണെന്നും തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും കെ ജയകുമാർ വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിനും സുതാര്യമായ രീതിയിൽ സ്പോൺസർമാരിൽ നിന്ന് പണം ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കും.
പമ്പ വികസനം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത് . മകരവിളക്ക് തീർത്ഥാടനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ വരും ദിവസങ്ങളിൽ ശക്തിപ്പെടുത്തുമെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.

