പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം നേതാവും പ്രതിപ്പട്ടികയിൽ. പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഒളിവിൽ കഴിയുന്ന ഹരിദാസനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ചിറ്റൂരിൽ നിന്ന് കഴിഞ്ഞ ദിവസം 1260 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത് . മീനാക്ഷിപുരം സർക്കാർപതിയിലുള്ള കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് വൻതോതിൽ സ്പിരിറ്റ് പിടിച്ചെടുത്തത്. കണ്ണയ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്ന് സ്പിരിറ്റ് കൊണ്ടുവന്നുവെന്നായിരുന്നു കണ്ണയ്യന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

