തിരുവനന്തപുരം: നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക് . തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് അപകടം. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ് . ഒരു ഓട്ടോറിക്ഷയിലും നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്.
നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന് (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്.
വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാർ ഓടിച്ചത്. അദ്ദേഹത്തിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, ഡ്രൈവിംഗ് പഠിക്കുമ്പോഴാണ് സംഭവം. വിഷ്ണുനാഥും ബന്ധുവും കാറിലുണ്ടായിരുന്നു. പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. യുവാവ് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന് ആർടിഒ അജിത് കുമാർ പറഞ്ഞു.
സംഭവം നടക്കുമ്പോൾ ട്രാൻസ്പോർട്ട് കമ്മീഷണർ ആശുപത്രിക്കുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കന്റോൺമെന്റ് പോലീസ് ശേഖരിച്ചുവരികയാണ്. വിഷ്ണുനാഥിനെയും ഒപ്പമുണ്ടായിരുന്നയാളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

