കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഇന്ത്യൻ സൈനിക നടപടി ഓപ്പറേഷൻ സിന്ദൂരിനെ അവഹേളിച്ച സംഭവത്തിൽ നാഗ്പൂരിൽ അറസ്റ്റിലായ റെജാസ് എം ഷീബ സിദീഖിന്റെ (26) വീട്ടിൽ മഹാരാഷ്ട്ര പോലീസ് പരിശോധന നടത്തി. മെയ് 7-ന് മഹാരാഷ്ട്രയിലെ ലകദ്ഗഞ്ച് പോലീസ് റെജാസിനെ അറസ്റ്റ് ചെയ്തത് . മെയ് 13 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്ര പോലീസ് സംഘവും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരും ഞായറാഴ്ച രാത്രി റെജാസിന്റെ എളമക്കരയിലെ വീട്ടിൽ എത്തിയാണ് പരിശോധന നടത്തിയത് . അന്വേഷണ സംഘം കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. വീട്ടിൽ നിന്ന് ഫോണുകളും മെമ്മറി കാർഡുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഗാഡ്ജെറ്റുകൾ പോലീസ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തെയും, ഓപ്പറേഷൻ സിന്ദൂരിനെയും ഓപ്പറേഷൻ കാഗാറിനെയും റെജാസ് അപലപിച്ചതായി മഹാരാഷ്ട്ര പോലീസ് പറഞ്ഞു. “കുട്ടികളെ ലക്ഷ്യം വയ്ക്കുന്നത് നീതിയാണോ??? ഇന്ത്യൻ ആർമി മുർദാബാദ്!!!” എന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ റെജാസ് ഇന്ത്യൻ ആർമിയുടെ ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കേരളത്തിൽ റെജാസിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചിട്ടുണ്ട്.

