തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരായ വിമർശനം തികച്ചും രാഷ്ട്രീയപരമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം എല്ലാ ജില്ലകളിലും വാർത്താസമ്മേളനം വിളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 2047-ൽ രാജ്യം എങ്ങനെയായിരിക്കണമെന്ന ദീർഘകാല കാഴ്ചപ്പാടോടെയാണ് 2026-27 ബജറ്റ് തയ്യാറാക്കിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
“എയിംസ് കൊണ്ടുവരുന്നതിൽ കേരളം എന്ത് സംഭാവനയാണ് നൽകിയത്? ഇപ്പോൾ തിരഞ്ഞെടുപ്പ് വച്ചാൽ, വിമർശനങ്ങൾ ഉന്നയിക്കുന്നവർ ഒളിച്ചോടിപ്പോകും. 2026-27 വർഷത്തെ ഇന്ത്യാ ഗവൺമെന്റിന്റെ ബജറ്റിനെക്കുറിച്ചുള്ള വിമർശനത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമേയുള്ളൂ. ബജറ്റിന്റെ മേന്മ കുറയ്ക്കാൻ രാഷ്ട്രീയം കളിക്കുന്നു. ഈ വിഷയത്തിൽ ഉത്തരവാദിത്തമുള്ള വിശദീകരണം നൽകും.
21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യ ബജറ്റാണിത്. 2047-ൽ പ്രധാനമന്ത്രി വികസിത ഭാരതത്തെ വിഭാവനം ചെയ്യുന്നു. ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, വ്യത്യസ്ത പ്രായത്തിലുള്ള ആളുകൾക്ക് പ്രയോജനപ്പെടുന്ന മറ്റ് വിഷയങ്ങൾ എന്നിവ ബജറ്റ് വിലയിരുത്തുന്നു, ”സുരേഷ് ഗോപി പറഞ്ഞു. എയിംസിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് എയിംസ് തീർച്ചയായും കേരളത്തിന് ലഭിക്കുമെന്ന നിലപാട് സുരേഷ് ഗോപി ആവർത്തിച്ചു. പദ്ധതിക്കായി സ്ഥലം അനുവദിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ആലപ്പുഴയിൽ എയിംസ് വന്ന് കാണണമെന്ന ആഗ്രഹവും അദ്ദേഹം തുറന്ന് പറഞ്ഞു. .

