കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ആക്രമിച്ച കേസിൽ നടി ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു . ഓഗസ്റ്റ് 24 ന് രാത്രി എറണാകുളം നോർത്ത് റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശിയായ അലിയാർ ഷാ സലീമാണ് പരാതി നൽകിയത്. അതേസമയം നടി ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ .
നടിയും സുഹൃത്തുക്കളും നടുറോഡിൽ കാർ തടയുന്നതും, ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ആലിയാറിനെ കാറിൽ നിന്ന് വലിച്ചിറക്കി മറ്റൊരു വാഹനത്തിൽ കയറ്റുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ആലുവ, പറവൂർ സ്വദേശികളായ മിഥുൻ, അനീഷ്, സോണ മോൾ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ലക്ഷ്മിയുടെ പങ്കാളിത്തം പോലീസ് സ്ഥിരീകരിച്ചു, ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് താരത്തെ മൂന്നാം പ്രതിയാക്കിയത്.
കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചുണ്ടായ തർക്കത്തിനു പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത് . പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽ നിന്ന് ഇറങ്ങിയ ശേഷമുണ്ടായ തർക്കം പിന്നീട് റോഡിലേക് നീങ്ങി . ലക്ഷ്മി മേനോനും സംഘവും അവരെ പിന്തുടർന്ന് നോർത്ത് ഓവർബ്രിഡ്ജിൽ വെച്ച് തടഞ്ഞുവച്ചു. കാർ തടഞ്ഞ് അലിയാർ ഷാ സലീമിനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നു പരാതിയിൽ പറയുന്നു. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി മേനോൻ 2011 ൽ സംവിധായകൻ വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുംകി, ജിഗർതണ്ട, സുന്ദരപാണ്ഡ്യൻ, വേതാളം എന്നിവയുൾപ്പെടെ നിരവധി സൂപ്പർഹിറ്റ് തമിഴ് ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

