ആലപ്പുഴ : കൊച്ചി കുണ്ടന്നൂർ മേൽപ്പാലത്തിന് താഴെ നിന്ന് മണ്ണഞ്ചേരി പോലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ കുടുക്കിയത് നെഞ്ചിൽ പച്ചകുത്തിയ പേര്. സന്തോഷ് ശെൽവം തന്നെയാണ് ജില്ലയിൽ നടന്ന രണ്ട് മോഷണക്കേസുകളിലേയും പ്രതിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ദൃശ്യങ്ങളിൽ സന്തോഷ് നെഞ്ചിൽ പച്ചകുത്തിയ പേരാണ് കേസിൽ പോലീസിന് പിടിവള്ളിയായത് . ഭാര്യ ജ്യോതിയുടെ പേരാണ് സന്തോഷ് സെൽവം നെഞ്ചിൽ പച്ച കുത്തിയിരുന്നത്.
മോഷ്ടാക്കളിലൊരാളുടെ നെഞ്ചിൽ എന്തോ അടയാളമുള്ളതായാണ് പോലീസിന് ദൃശ്യങ്ങൾ കണ്ടപ്പോൾ ആദ്യം തോന്നിയത് . പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് ‘ ജ്യോതി ‘ എന്നാണെന്ന് കണ്ടെത്തി.മോഷണസമയത്ത് കയ്യുറയും മുഖംമൂടിയും ധരിക്കുന്നതിനാൽ മറ്റ് തെളിവുകളൊന്നും ലഭിക്കാറില്ല. ഈ പച്ചകുത്തൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
പച്ചകുത്തിയ സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ശേഖരിച്ചു. കൊച്ചി മരട് കുണ്ടന്നൂർ മേല്പാലത്തിനടിയിൽ താമസമാക്കിയ തമിഴ്നാട് സംഘത്തെ പറ്റിയുള്ള വിവരങ്ങൾ പിന്തുടർന്ന് സന്തോഷിനെ ആദ്യം നോക്കിയതു നെഞ്ചിലാണ്. അതോടെ ഉറപ്പായിരുന്നു പ്രതി ഇത് തന്നെയെന്ന്.
സന്തോഷിന്റെ പഴയ മൊബൈൽ നമ്പറും പുതിയ നമ്പറും പരിശോധിച്ചപ്പോൾ ടവർ ലൊക്കേഷൻ കുണ്ടന്നൂർ ആണെന്ന് കണ്ടെത്തിയതോടെ ഒന്നുകൂടി ഉറപ്പിച്ചു.
മണ്ണഞ്ചേരി പോലീസ് 4 നാല് ദിവസമാണ് വേഷം മാറി കുണ്ടന്നൂർ പാലത്തിനടിയിലെ സംഘത്തെ നിരീക്ഷിച്ചത്. സംശയം തോന്നിയാൽ ഇവർ ആക്രമിക്കും . ശനിയാഴ്ച്ച പാലത്തിന് താഴെയെത്തി കൂടാരമുണ്ടാക്കി താമസിക്കുന്ന സന്തോഷിനേയും മണികണ്ഠനേയും ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഘത്തിലെ സ്ത്രീകൾ പൊലീസിനെ ആക്രമിക്കാനും ശ്രമം നടത്തി. കുറുവ സംഘം ആക്രമണകാരികളാണെന്ന് വിവരമുള്ളതിനാൽ കവർച്ചയ്ക്കിടെ ഇവരെ കണ്ടാലും ആളുകൾ അനങ്ങില്ല. ഈ ഭീതി മുതലെടുത്താണു സംഘം അനായാസം മോഷണം നടത്തുന്നത്.