തിരുവനന്തപുരം: പ്രതിദിന ടിക്കറ്റ് കളക്ഷനിൽ ചരിത്ര നേട്ടം കൈവരിച്ച് കെ.എസ്.ആർ.ടി.സി . ഇന്നലെ മാത്രം 12.18 കോടി രൂപ പ്രതിദിന വരുമാനം നേടിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ടിക്കറ്റ് ഇതര വരുമാനം ഉൾപ്പെടെ ആകെ 13.02 കോടി രൂപയായി. ഈ ചരിത്ര നേട്ടം മലയാളികൾക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും സമർപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ശബരിമല സീസൺ മാത്രമല്ല വരുമാനത്തിൽ ഈ വലിയ കുതിപ്പിന് കാരണമെന്നും മന്ത്രി പറഞ്ഞു. ഇടതു സർക്കാർ കെ.എസ്.ആർ.ടി.സിയെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശബരിമല സർവീസുകളിൽ നിന്ന് മാത്രം രണ്ട് കോടി രൂപയുടെ അധിക വർധനവ് ഉണ്ടായെന്നും ഗണേഷ് കുമാർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി മികച്ച സാധ്യതകൾ കൈവരിക്കുന്നതിലേക്കുള്ള പാതയിലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളുള്ള വോൾവോ ആഡംബര ബസുകൾ ഉടൻ ആരംഭിക്കാനും ആലോചനയുണ്ട് .
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം-എറണാകുളം റൂട്ടിലായിരിക്കും സർവീസ്. “ഞാൻ മന്ത്രിയായി അധികാരമേറ്റതിനുശേഷം സ്വീകരിച്ച സമയോചിതമായ പരിഷ്കരണ നടപടികളും കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളും സ്വയംപര്യാപ്തമായ കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ പുരോഗതിക്ക് നിർണായകമാണ്. പുതിയ ബസുകളുടെ വരവും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാർക്കിടയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.” ഗണേഷ് കുമാർ പറഞ്ഞു.

