കൊട്ടാരക്കര : കൊട്ടാരക്കര -പുനലൂർ ദേശീയപാതയിൽ കോട്ടപ്പുറം ഭാഗത്ത് അമിത വേഗതയിലെത്തിയ കാർ ഇടിച്ചു കയറി കെ എസ് ആർ ടി സി ബസിന്റെ പിൻ ചക്രങ്ങൾ തെറിച്ചു പോയി. ആക്സിൽ ഉൾപ്പെടെ ഒടിഞ്ഞു . ഇന്ന് പുലർച്ചെ ഏഴ് മണിയോടെയായിരുന്നു അപകടം.
ഇളമ്പൽ ഭാഗത്ത് നിന്ന് കൊട്ടാരക്കർ ഭാഗത്തേയ്ക്ക് വന്ന സ്കോർപിയോ കാർ പുനലൂരിലേയ്ക്ക് പോയ ബസിന്റെ പിൻ ചക്രത്തിന്റെ ഭാഗത്ത് ഇടിച്ച ശേഷം മറുഭാഗത്തേയ്ക്ക് മറിയുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പിൻടയറുകൾ ഊരിത്തെറിച്ചു. പിറകുവശം റോഡിൽ ഇരുന്നാണ് ബസ് നിന്നത് . ബസിൽ യാത്രക്കാർ കുറവായിരുന്നു.
കാർ ഡ്രൈവർ ഇളമ്പൽ സ്വദേശി ഹബേൽ നിസാരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി . കാറിന്റെ എയർബാഗ് കൃത്യമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വലിയ പരിക്കില്ലാതെ ഹബേൽ രക്ഷപെട്ടത് . കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം . കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു.