കോട്ടയം : ദക്ഷിണ സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിയ്ക്ക് എബോളയെന്ന് സംശയം . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 52 കാരി നിലവിൽ നിരീക്ഷണത്തിലാണ് . സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത് . ഇന്നലെയാണ് ഇവർ പനി ബാധിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് . സംശയത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഐസൊലേഷൻ വാർഡിൽ ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ എബോളയുടെ ലക്ഷണങ്ങളൊന്നുമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പനിയിൽ നേരിയ വ്യതിയാനമുണ്ടെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇത് എബോളയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. തുടർ ചികിത്സ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മാരകമായ അണുബാധകൾക്ക് കാരണമാകുന്ന വൈറൽ രോഗമാണ് എബോള. രോഗബാധിതരുടെ രക്തം, വിസർജ്ജ്യം, സ്രവങ്ങൾ എന്നിവ വഴി രോഗം വ്യാപിക്കാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. കടുത്ത പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പേശിവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമാണെങ്കിൽ, ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യാം.

