ഡബ്ലിൻ : അയർലൻഡിലെ അറ്റ്ലാന്റിക് സാൽമൺ മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നതായി റിപ്പോർട്ട് . 1970-കളിൽ ഓരോ വർഷവും പത്തുലക്ഷത്തിലധികം സാൽമൺ മത്സ്യങ്ങൾ അയർലൻഡിലേക്ക് തിരിച്ചെത്തിയിരുന്ന സ്ഥാനത്ത്, സമീപ വർഷങ്ങളിൽ ഈ എണ്ണം 2,00,000-ൽ താഴെയായി കുറഞ്ഞു.
പരിസ്ഥിതി വകുപ്പ് സഹമന്ത്രി ടിമ്മി ഡൂലിയുടെ അഭ്യർത്ഥന പ്രകാരം ‘ഇൻലാൻഡ് ഫിഷറീസ് അയർലൻഡ്’ ആണ് ഈ അവലോകനം നടത്തിയത്. അറ്റ്ലാന്റിക് സാൽമൺ മത്സ്യങ്ങളെ “പ്രത്യേക പ്രാധാന്യമുള്ള വർഗ്ഗം” എന്നും “അയർലൻഡിന്റെ പൈതൃകത്തിന്റെ സുപ്രധാന ഭാഗം” എന്നും വിശേഷിപ്പിച്ച ഡൂലി, ഐറിഷ് നദികളിൽ സാൽമൺ എപ്പോഴും ഉണ്ടാകുമെന്ന് ഇനി ഉറപ്പിച്ചു പറയാനാവില്ലെന്നും വ്യക്തമാക്കി.
ആഗോളതലത്തിൽ അറ്റ്ലാന്റിക് സാൽമൺ മത്സ്യങ്ങളെ ഇപ്പോൾ “വംശനാശ ഭീഷണി നേരിടാൻ സാധ്യതയുള്ളവ” എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ഐറിഷ് നദികളിൽ നിന്ന് സാൽമൺ മത്സ്യങ്ങൾ എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം,” എന്നും അദ്ദേഹം വ്യക്തമാക്കി.

