ന്യൂഡൽഹി : ‘ സ്മിത് മച്ചാർ ‘ ഫ്ലൈ ദുബായ് അറ്റാക്കിന് ശേഷം ഇസ്രായേൽ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന പേര് ഇത് മാത്രമാണ്. 170-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച് വൻ ദുരന്തം ഒഴിവാക്കാൻ ഇന്ത്യൻ പൈലറ്റിന്റെ ഇടപെടൽ സഹായിച്ചെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കിയതോടെ, സാധാരണക്കാരായ ഇസ്രായേലികൾ മച്ചാറുനെ നായകനായി പ്രശംസിച്ചും, നന്ദി അറിയിച്ചും വീഡിയോകൾ പങ്കുവെച്ചു.
വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ മച്ചാർ നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ഓൺലൈനിൽ അഭിനന്ദന പ്രവാഹമുണ്ടായി. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തിൽ കുത്തേറ്റിട്ടും ധീരമായി പോരാടിയ ഇന്ത്യൻ ക്യാപ്റ്റനെ ആദരിച്ച് ഇസ്രായേലികൾ വീഡിയോകളും പങ്കുവെച്ചു.
ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് പുറത്തുവന്നത് . ‘ ഓർത്തിരിക്കണം ഈ പേര് ‘ എന്ന കുറിപ്പോടെയാണ് വീഡിയോകൾ പ്രചരിക്കുന്നത്. ഇസ്രായേലി കണ്ടന്റ് ക്രിയേറ്ററായ ഐനവ് അവിസെമർ, മച്ചാറിനും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായി കഴിഞ്ഞു.
ഇസ്രായേലി ഇൻഫ്ലുവൻസറായ താലിയ യോസെഫും തന്റെ ഫോളോവേഴ്സിനോട് സ്മിത് മച്ചാറിന്റെ പേര് ഓർത്തിരിക്കാൻ അഭ്യർത്ഥിച്ചു. “നിങ്ങളിൽ ഓരോരുത്തരും സ്മിത് മച്ചാർ എന്ന പേര് അറിഞ്ഞിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” എന്ന് പറഞ്ഞ താലിയ ഗുരുതരമായി പരിക്കേറ്റിട്ടും പോരാട്ടം തുടർന്ന അദ്ദേഹത്തെ നായകനായാണ് തന്റെ പോസ്റ്റിൽ വിശേഷിപ്പിച്ചത്.

