കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടി കെ വിജയകുമാർ (71), മീര (65) എന്നിവരാണ് മരിച്ചത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൻ്റെ ഉടമയായിരുന്നു വിജയകുമാർ.
രാവിലെ ജോലിയ്ക്കെത്തിയ വീട്ടു ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. സാധാരണയായി വീടിൻ്റെ പിൻവാതിൽ വഴിയാണ് പ്രവേശിക്കുന്നതെങ്കിലും, അത് അടഞ്ഞുകിടക്കുന്നതായി കണ്ടപ്പോൾ, അവർ പ്രധാന വാതിലിനടുത്ത് എത്തി . മുൻവാതിൽ തുറന്നപ്പോഴാണ് വിജയകുമാറിൻ്റെയും മീരയുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടത് . ഉടൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
നാളുകൾക്ക് മുൻപ് വിജയകുമാറിന്റെ വീട്ടിൽ ജോലിയ്ക്ക് നിന്ന ഇതരസംസ്ഥാന തൊഴിലാളി ഇവിടെ നിന്ന് മൊബൈൽ മോഷ്ടിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. ഈ ഫോൺ ഉപയോഗിച്ച് ഓൺലൈൻ വഴി ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇയാൾ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അസംകാരനായ ഇയാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്.

