കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു.
നാഗ്പുർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും ലക്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് നീക്കം.കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമേ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് പേരുമാറ്റം. എന്നാൽ ശുപാർശയ്ക്കെതിരെ ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു.
പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് ലഭിക്കേണ്ടത്. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരവും ലഭിക്കണം.

