തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതായി സിൻഡിക്കേറ്റ് യോഗം . താൽക്കാലിക വൈസ് ചാൻസലർ സിസ തോമസിന്റെ എതിർപ്പിനെ മറികടന്നാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത രണ്ട് ബിജെപി പ്രതിനിധികൾ തീരുമാനത്തെ എതിർത്തു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടികൾ പരിശോധിക്കാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. സസ്പെൻഷൻ കോടതിയിലെത്തിയതിന് പിന്നാലെ ഇന്ന് രാവിലെ 11 മണിക്ക് കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം ചേർന്നാണ് സസ്പെൻഷൻ പിൻവലിച്ചതായി പ്രഖ്യാപിച്ചത് .
അതേസമയം, രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചിരുന്നതായി സിസ തോമസ് പറഞ്ഞു. യോഗത്തിൽ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം എടുത്തപ്പോൾ, താൻ യോഗം നിർത്തിവച്ച് പോയി. യോഗം സസ്പെൻഡ് ചെയ്യുകയും ചെയർമാൻ പോകുകയും ചെയ്ത ശേഷം, യോഗത്തിന് പ്രസക്തിയില്ല. സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല. യോഗത്തിന്റെ അജണ്ട പൂർത്തിയായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെതിരെ രാജ്ഭവന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് നൽകിയിരുന്നു . പരിപാടി വൈകിയതും അവസാന നിമിഷം റദ്ദാക്കിയതും സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട ഗവർണർ ആർ.വി. ആർലേക്കറുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതിനു പിന്നാലെയാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.