തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചെന്ന എ.എഫ്.എ ചീഫ് കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിംഗ് ഓഫീസറായ ലിയാൻഡ്രോ പീറ്റേഴ്സണിന്റെ ആരോപണം നിഷേധിച്ച് മന്ത്രി വി വി അബ്ദുറഹ്മാൻ . സർക്കാർ ഒരു കരാറും ലംഘിച്ചിട്ടില്ലെന്നും കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പീറ്റേഴ്സണിന് അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
“പീറ്റേഴ്സൺ എ.എഫ്.എയുടെ ഒരു പ്രധാന ഉദ്യോഗസ്ഥനാണ്, പക്ഷേ മാർക്കറ്റിംഗിൽ മാത്രമാണ് അദ്ദേഹത്തിന്റെ ഇടപെടൽ. എ.എഫ്.എ പ്രസിഡന്റാണ് കരാറിൽ ഒപ്പുവച്ചത്. ഒക്ടോബർ-നവംബർ വിൻഡോയിൽ അവർക്ക് വരാൻ കഴിയില്ലെന്ന് സ്പോൺസർ പിന്നീട് ഞങ്ങളോട് പറഞ്ഞു. അടുത്ത ലോകകപ്പിന് മുമ്പ്, 2026 ന് മുമ്പ് അവർ വരുമെന്ന് അവർ പറഞ്ഞു. എന്നാൽ ഈ സർക്കാരോ കായിക മന്ത്രിയോ അപ്പോഴും അധികാരത്തിലിരിക്കുമെന്ന് ഉറപ്പില്ല, എന്നതുകൊണ്ട് സ്പോൺസർക്ക് ആ സാഹചര്യത്തിൽ താൽപ്പര്യമില്ലാതെ പോയി ,” അബ്ദുറഹ്മാൻ പറഞ്ഞു.
മന്ത്രി നടത്തിയ വിദേശ യാത്രകളെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായി, കായിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സ്പെയിൻ, ഓസ്ട്രേലിയ, ക്യൂബ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി കേരളത്തിന് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കേന്ദ്ര സർക്കാർ ഞങ്ങളുടെ കായിക നയത്തോട് യോജിച്ചു. സന്ദർശനങ്ങളിൽ കായിക മന്ത്രി മാത്രമല്ല, നിരവധി ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ₹13 ലക്ഷം എന്നത് മുഴുവൻ ടീമിന്റെയും ചെലവാണ് . പ്രധാനമന്ത്രിയുടെ യാത്രകൾക്ക് നിങ്ങൾ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?” അദ്ദേഹം ചോദിച്ചു.
2025 ൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്നായിരുന്നു അബ്ദുറഹ്മാന്റെ പ്രഖ്യാപനം . കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കാനും, സൗഹൃദമത്സരത്തിനും അർജന്റീന ടീം സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.അർജന്റീന ടീമിന്റെയും , മെസ്സിയുടെയും സന്ദർശനം പൂർണമായും സ്പോൺസർഷിപ്പോടെയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിനായുള്ള മന്ത്രിയുടെ യാത്രയ്ക്ക് സര്ക്കാര് ഖജനാവില് നിന്ന് 13 ലക്ഷത്തോളം രൂപയാണ് മന്ത്രിയുടെ യാത്രയ്ക്ക് ചെലവ് വന്നത്. മെസിയെ കൊണ്ടുവരുന്നതിൽ ഒരു രൂപ പോലും ചിലവായിട്ടില്ലെന്ന മന്ത്രിയുടെ വാദവും ഇതോടെ പൊളിഞ്ഞു

