കൊച്ചി : പയ്യന്നൂരിലെ ലോഡ്ജിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇന്ത്യൻ വനിതകൾ സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും അങ്ങനെ കണ്ടെത്തുന്നത് തന്നെ കൊലപാതക സൂചനയായതിനാൽ ആത്മഹത്യവാദം ദുർബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്. അഴീക്കൽ സ്വദേശിയ്ക്ക് തലശേരി അഡീ. സെഷൻസ് കോടതി നൽകിയ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചത്.
ഗാർഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി . പ്രതിയുടെ അമ്മയെ വെറുതെ വിടുകയും ചെയ്തു . ഇരുവരും നൽകിയ അപ്പീലിലാണ് വിധി. സംശയം ഒരു രോഗമാണെന്നും , അത് മനുഷ്യനെ അന്ധനാക്കുമെന്നും ,അതിന്റെ പ്രത്യാഘ്യാതം ദുരന്തമാണെന്നും വിധി ന്യായത്തിനിടെ കോടതി ചൂണ്ടിക്കാട്ടി.
2010 ജനുവരി 22 നാണ് അഴീക്കൽ സ്വദേശി രമ്യയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഷമ്മികുമാറിനെയും, കുഞ്ഞിനെയും കാണാതായത് സംശയത്തിനിടയാക്കി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.യു.എ.ഇ.യിൽ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.കൊല നടത്തുന്നതിന് ഏതാനും ദിവസം മുൻപ് പ്രതി രഹസ്യമായി ഗൾഫിൽ നിന്നെത്തി. പല സ്ഥലത്തും കറങ്ങിയ ശേഷമാണ് പയ്യന്നൂരെ ലോഡ്ജിൽ വ്യാജ പേരിൽ മുറിയെടുത്തത്
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യം നൽകി മയക്കിയശേഷം ഭർത്താവ് ഷാളിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. ഇന്ത്യയിൽ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ തന്റെ 33 വർഷത്തെ സർവീസ് പരിചയത്തിന്റെ ബലത്തിൽ പറഞ്ഞതും കോടതി പരിഗണിച്ചു. തൂങ്ങിമരിച്ചതായി കണ്ടെത്തുന്ന 30 പേരെയെങ്കിലും ഓരോ മാസവും പോസ്റ്റ് മോർട്ടം ചെയ്യാറുണ്ട് . ഒരു സ്ത്രീ പോലും നഗ്നനായി ജീവൻ അവസാനിപ്പിച്ചത് കണ്ടില്ലെന്നും സർജൻ കോടതിയിൽ പറഞ്ഞു.