കൊച്ചി : വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്റര്‍ ആണെന്നും ഇതില്‍ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് വിമർശിച്ചു. വിരമിക്കല്‍ ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പത്ത് വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ലെന്നും കോടതി വിമർശിച്ചു. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കണക്കുകള്‍ അംഗീകരിച്ചത് ശരിയായ രേഖകളില്ലാതെയെന്നും വിമര്‍ശനമുണ്ട്.
ബോര്‍ഡില്‍ ആഴത്തില്‍ വേരൂന്നിയ വ്യവസ്ഥാപിതമായ തകരാറുകളാണിത് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ അക്കൗണ്ട് ഡിജിറ്റൈസേഷന് അനിവാര്യമെന്നും ആധുനികവത്കരണത്തിന്റെ വിശദ കര്‍മ്മപദ്ധതി നല്‍കാനും ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഈ മാസം 30ന് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

