കൊച്ചി : ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്കും, ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ചായിരുന്നു ഫ്ലക്സ് ബോർഡ് . എന്നാൽ ക്ഷേത്രം ഫ്ലക്സ് വയ്ക്കാനുള്ള സ്ഥലമല്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ വ്യക്തമാക്കി.
ഭക്തർ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലുള്ളവരുടെ മുഖം കാണാനോ ഫ്ലക്സിലുള്ളവർക്ക് അഭിവാദ്യം അർപ്പിക്കാനോ അല്ല.ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്, അല്ലാതെ ഉടമസ്ഥനല്ല . ഉത്തരവാദിത്തപ്പെട്ടവർ ഫ്ലക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്ന് ചോദിച്ച കോടതി മറ്റ് ക്ഷേത്രങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദേശിച്ചു.
ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന പണം ഉപയോഗിച്ചല്ല ഫ്ലക്സ് അടിക്കേണ്ടത്. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇതുപോലെ ഫ്ലക്സ് അടിച്ചുവച്ചതിന് പകരം ആ പണം കൊണ്ട് അന്നദാനം നടത്തിയാൽ തീർത്ഥാടകർക്ക് പ്രയോജനപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി .