പത്തനംതിട്ട : വിശ്വാസ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനറുകൾ . പത്തനംതിട്ടയിലെ വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ബാനറുകൾ സ്ഥാപിച്ചത് . ‘ സമുദായത്തെ പിന്നിൽ നിന്ന് കുത്തി കട്ടപ്പയായി സുകുമാരൻ നായർ മാറി’ എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത് . വിശ്വാസ വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തെ നായർ സ്വാഗതം ചെയ്തിരുന്നു. അതിനു പിന്നാലെയാണിത്.
‘കുടുംബത്തിനുവേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി സുകുമാരൻ നായർ കട്ടപ്പയായി മാറി, പിണറായിക്ക് വേണ്ടി പാദസേവ നടത്തി , സമുദായത്തിന് നാണക്കേട് ‘. എന്നാണ് പോസ്റ്ററിലെ വാക്കുകൾ. ആരാണ് ഇത് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.ഇന്ന് രാവിലെയാണ് കരയോഗ കെട്ടിടത്തിന് മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടത്.
ഈ സർക്കാരിൽ വിശ്വാസമുണ്ടെന്ന് തുറന്നു പറഞ്ഞ ജി സുകുമാരൻ നായർ ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചിരുന്നു. കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു . എൻഎസ്എസിന് സർക്കാരിനോടുള്ള ചായ്വ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള അകൽച്ചയാണ് കോൺഗ്രസിനെ തള്ളിക്കളയാൻ കാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്.
അതേസമയം, എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. കെപിസിസി നേതൃത്വം എൻഎസ്എസുമായി ചർച്ച നടത്തും. വിശ്വാസ വിഷയത്തിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കാനാണ് ശ്രമം.

