കാസർകോട്: കഴിഞ്ഞ വർഷം ഡിസംബറിൽ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് കോമയിലായിരുന്ന നേഴ്സിംഗ് വിദ്യാർത്ഥി മരിച്ചു. കർണാടക-കാസർകോട് അതിർത്തി പാണത്തൂർ ഗ്രാമത്തിലെ സദാനന്ദന്റെയും ഉമ്മനയുടെയും മകൾ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ ചൈതന്യ കുമാരി (20) ആണ് മരിച്ചത് . മൂന്ന് മാസത്തിലേറെയായി കോമയിലായിരുന്നു ചൈതന്യ .
കോട്ടയം സ്വദേശികളായ ഈ കുടുംബം ഉപജീവനത്തിനായി കർണാടകയിലെ കരിക്കെ ഗ്രാമപഞ്ചായത്തിൽ കൃഷിഭൂമി പാട്ടത്തിനെടുത്തു ജീവിക്കുകയാണ് . പണം കടമെടുത്താണ് ചൈതന്യകുമാരിയെ കാഞ്ഞങ്ങാട്ടെ മൻസൂർ ഹോസ്പിറ്റൽ & സ്കൂൾ ഓഫ് നഴ്സിംഗിൽ പഠിപ്പിക്കാൻ ചേർത്തത്.
പഠനം പൂർത്തിയാക്കിയാൽ യുഎസിലുള്ള ബന്ധു വഴി അവിടെ ജോലി ശരിയാക്കാമെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. ഡിസംബർ 7 നാണ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത് . ഹോസ്പിറ്റൽ മാനേജ്മെന്റ് ജോലിസ്ഥലത്ത് പീഡനം നടത്തുകയും സ്കൂളിലും ഹോസ്റ്റലിലും “ജയിൽ പോലുള്ള സാഹചര്യങ്ങൾ” നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് മറ്റ് വിദ്യാർത്ഥികളും ആരോപിച്ചു.
ആത്മഹത്യാശ്രമത്തിന് ശേഷം, ചൈതന്യയെ ആദ്യം മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ കസ്തൂർബ മെഡിക്കൽ കോളേജിലേക്കും (കെഎംസി) പിന്നീട് കണ്ണൂരിലെ ആസ്റ്റർ മിംസിലേക്കും മാറ്റി. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൻസൂർ ആശുപത്രി മാനേജ്മെന്റാണ് ചികിത്സാ ചെലവുകൾ വഹിച്ചത്.

