മുംബൈ: ഐപിഎൽ പത്തൊൻപതാം സീസണിൽ മുംബൈ ഇന്ത്യൻസിന് വിജയത്തുടക്കം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈയുടെ ജയം.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കൊൽക്കത്തയുടെ തുടക്കം. പവർപ്ലേയിൽ തകർത്തടിച്ച കൊൽക്കത്ത 6 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 റൺസാണ് നേടിയത്. ഓപ്പണർമാരായ അജിങ്ക്യ രഹാനെയും ഫിൻ അലനും ആക്രമിച്ച് കളിച്ചു. ക്യാപ്ടന്റെ കളി പുറത്തെടുത്ത രഹാനെ 40 പന്തിൽ 67 റൺസ് നേടി. യുവതാരം ആംഗ്ക്രിഷ് രഘുവംശി 29 പന്തിൽ 51 റൺസുമായി മധ്യനിരയുടെ കരുത്തായി. അലൻ 37 റൺസും റിങ്കു സിംഗ് 33 റൺസും നേടിയതോടെ, കൊൽക്കത്ത 4ന് 220 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ശാർദുൽ ഠാക്കൂറിന് 3 വിക്കറ്റ് ലഭിച്ചു.
കൊൽക്കത്ത നിർത്തിയിടത്ത് നിന്നാണ് മുംബൈ തുടങ്ങിയത്. റയാൻ റിക്കെൽട്ടണും രോഹിത് ശർമ്മയും ചേർന്ന് 11.5 ഓവറിൽ 148 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കൊൽക്കത്ത കളി കൈവിട്ടു. റിക്കെൽട്ടൺ 43 പന്തിൽ 81 റൺസും രോഹിത് 38 പന്തിൽ 78 റൺസും അടിച്ച് കൂട്ടി. പിന്നാലെ വന്നവർക്ക് മത്സരം അവസാനിപ്പിക്കുക എന്ന ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ലക്ഷ്യം മറികടന്നതോടെ, മുംബൈ സീസണിലെ ആദ്യ മത്സരം ജയിച്ചു കേറി.
സ്കോർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 20 ഓവറിൽ 4ന് 220
മുംബൈ ഇന്ത്യൻസ്: 19.1 ഓവറിൽ 4ന് 224

