ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് 16 കാരി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയായി . പാരി ചൗക്കിൽ നിന്ന് കശ്മീരി ഗേറ്റിലേക്ക് ഏകദേശം 47 കിലോമീറ്ററാണ് ബസ് പെൺകുട്ടിയുമായി സഞ്ചരിച്ചത് . സംഭവത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 4 നാണ് സംഭവം . ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്ന് നോയിഡയിലെ ബന്ധുവിനെ കാണാൻ ഇറങ്ങിയതാണ് പെൺകുട്ടി . കുടുംബത്തെ അറിയിക്കാതെയാണ് പെൺകുട്ടി യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു. കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ ഇറങ്ങി.
അതിനിടെ, ഒഴിഞ്ഞ സ്ലീപ്പർ ബസ് വരുന്നത് കണ്ട് പെൺകുട്ടി കൈ കാണിച്ച് സഹായം തേടി . ഡ്രൈവർ കുൽദീപും കണ്ടക്ടർ സന്ദീപും നോയിഡ സെക്ടർ 63 ലേക്ക് പോകുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയെ , ബസിൽ കയറ്റി. പിന്നാലെ ബസിനുള്ളിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു . എതിർപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു .
രാത്രി വൈകി കശ്മീരി ഗേറ്റ് ബസ് ടെർമിനലിനു സമീപം റിങ് റോഡിൽ പ്രതികൾ വിദ്യാർഥിനിയെ ഇറക്കിവിട്ടു. പെൺകുട്ടിയുടെ പരാതിയിൽ വടക്കൻ ഡൽഹിയിലെ തിമർപൂരിലെ പാർക്കിംഗ് സ്ഥലത്ത് നിന്ന് പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ബസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

