തൃശൂർ: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രാദേശിക നേതൃത്വത്തെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന നേതൃത്വം . എസ്എഫ്ഐ പ്രവർത്തകന്റെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു, ഉചിതമായ നടപടി സ്വീകരിക്കുമെന്നും സഞ്ജീവ് പറഞ്ഞു.
“ കേസിൽ ഉൾപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാകണം.സംഭവങ്ങളെക്കുറിച്ചുള്ള എസ്എഫ്ഐ പ്രവർത്തകന്റെ ഭാഗം കേട്ടതിനുശേഷം മാത്രമേ അടുത്ത നടപടി തീരുമാനിക്കൂ,” സഞ്ജീവ് വ്യക്തമാക്കി.
കെഎസ്യു പ്രവർത്തകന്റെ മുറിയിൽ നിന്ന് 2 കിലോ കഞ്ചാവ് പിടിച്ചെടുത്തതിനെക്കുറിച്ച് ചർച്ചകൾ നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
“കെഎസ്യു നേതൃത്വം ഈ വിഷയത്തിൽ പ്രതികരിക്കണം. കേസിൽ ജാമ്യം ലഭിച്ച ശേഷം പ്രവർത്തകൻ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി . സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും“ സഞ്ജീവ് ആവശ്യപ്പെട്ടു.