ന്യൂഡൽഹി ; കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിര ഉത്തരവിടാൻ വിസമ്മതിച്ച് സുപ്രീം കോടതി. വിദ്യാർത്ഥികളുടെ ഹർജികൾ എത്രയും വേഗം തീർപ്പാക്കാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനോട് സുപ്രീം കോടതി നിർദേശിച്ചു.
തീരുമാനം അവർക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു. ഉത്തരവ് അനുകൂലമല്ലെങ്കിൽ സർവകലാശാല നടപടി വിദ്യാർത്ഥികളുടെ താല്പര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജഡ്ജിമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ട് പോലുമില്ലാതെയാണ് വിദ്യാർത്ഥികളെ 64 ദിവസം സസ്പെൻഷനിൽ നിർത്തിയതെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ പി വി ദിനേശും , കെ ആർ സുഭാഷ് ചന്ദ്രനും വാദിച്ചു. പരീക്ഷ പ്രഖ്യാപിച്ചപ്പോൾ വിദ്യാർത്ഥികൾ അപേക്ഷ നൽകിയതാണ്. എന്നാൽ സർവകലാശാല വിഷയം വൈകിപ്പിച്ച് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും അഭിഭാഷകർ കോടതിയിൽ വാദിച്ചു.
പ്രതികൾ കോടതിയെ സമീപിച്ച ശേഷമാണ് വിവിധ കോഴ്സുകളിലെ പരീക്ഷകൾ പ്രഖ്യാപിച്ചത്. അതിൽ ചിലർ മാസ്റ്റേഴ്സ് വിദ്യാർത്ഥികളാണ്. അവർക്ക് ഈ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സെപ്റ്റംബറിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുവെന്നും ചൂണ്ടിക്കാട്ടി. എന്നാൽ സർവകലാശാലയുടെ അച്ചടക്ക നടപടികളും പരിഗണിക്കപ്പെടേണ്ട ഘടകമാണെന്ന് കോടതി മറുപടി നൽകി.
വി സി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ് എഫ് ഐ പ്രവർത്തകർക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു . ഹാജർ നില അടക്കം ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കി. ഇതിനെതിരെയാണ് 16 വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇവരിൽ ഭൂരിപക്ഷം പേരുടെയും സെമസ്റ്റർ പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു.

