തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി . ഇരട്ട പദവികൾ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ബി. അശോക് ഐ.എ.എസ് ഹർജി സമർപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) ഡയറക്ടറായിരിക്കെ ബോർഡ് പ്രസിഡന്റാകുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ, ഇരട്ട പദവിയില്ലെന്നും ബോർഡ് പ്രസിഡന്റാകുന്നതിൽ നിയമലംഘനമില്ലെന്നും കെ. ജയകുമാർ പറഞ്ഞു. രണ്ട് തസ്തികകളിൽ നിന്നും തനിക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഐ.എം.ജി ഡയറക്ടറായി പുതിയ ഒരാളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി. പുതിയ ഡയറക്ടർ നിയമിതനായാലുടൻ താൻ സ്ഥാനം ഒഴിയും. സേവനമനുഷ്ഠിക്കുന്ന തസ്തികകൾക്ക് താൻ ശമ്പളം വാങ്ങുന്നില്ലെന്നും അത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജയകുമാറിന്റെ നിയമനം നിയമലംഘനമാണെന്നാണ് ബി അശോക് ഐഎഎസിന്റെ പ്രതികരണം. ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഡയറക്ടർ സ്ഥാനം ഉപേക്ഷിക്കണമായിരുന്നു. ഐഎംജി ഡയറക്ടറായി ജയകുമാറിനെ നിയമിച്ചതും ചട്ടങ്ങളുടെ ലംഘനമാണെന്ന് ബി അശോക് പറഞ്ഞു.

