തിരുവനന്തപുരം: ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിന് റോഡ് കൈയ്യേറി പന്തൽ കെട്ടിയ സംഭവത്തിൽ സിപിഎം പുലിവാല് പിടിച്ചതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപേ, സമാനമായ പ്രവൃത്തിയുമായി എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ. വഞ്ചിയൂർ കോടതിക്ക് മുന്നിലാണ് സിപിഎം നഗ്നമായ നിയമലംഘനം നടത്തിയതെങ്കിൽ, സെക്രട്ടറിയേറ്റിന് മുന്നിലാണ് സിപിഐ അനുകൂല സംഘടനയുടെ റോഡ് കൈയ്യേറ്റം.
സിപിഐ അനുകൂല സർവീസ് സംഘ്ടനയായ ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്റെ വേദിയാണ് സെക്രട്ടറിയേറ്റിന് സമീപം റോഡ് കൈയ്യേറി പന്തലിട്ട് ഒരുക്കിയത്. കാൽനടയാത്ര ദുഷ്കരമാക്കുന്ന വിധം നടപ്പാത കെട്ടി അടച്ചായിരുന്നു പന്തലിട്ടത്.
സമ്മേളനത്തിന്റെ ഭാഗമായുള്ള രാപ്പകൽ സമരം ഉത്ഘാടനം ചെയ്തത് മുതിർന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനായിരുന്നു. സംഭവം വിവാദമായത് ശ്രദ്ധയിൽ പെട്ടതോടെ, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറഞ്ഞ് അദ്ദേഹം തലയൂരി.
അതേസമയം, വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപി എം ഏര്യാ സമ്മേളനം നടത്തിയതിൽ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയത്. പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്നും, ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി ഉത്തരവിട്ടു.
വിഷയത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ആരൊക്കെയാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആരാണ് ഇത്തരത്തിൽ അനുമതി നൽകിയതെന്നും കോടതി ആരാഞ്ഞു. ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോ എന്നും കോടതി ചോദിച്ചു.
കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. സർക്കാർ എന്തുകൊണ്ട് വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല. എറണാകുളത്തടക്കം സമ്മേളനങ്ങളുടെ പേരിൽ വഴിയോരങ്ങളിൽ അടക്കം രാത്രി ദീപാലങ്കാരമാണ്. ഇതിനൊക്കെ വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണെന്നായിരുന്നു കോടതിയുടെ ചോദ്യം.