കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. 2026 ജനുവരി 7 ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ജയസൂര്യയ്ക്ക് വീണ്ടും സമൻസ് അയയ്ക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇഡി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ. ഇതുമായി ബന്ധപ്പെട്ട കരാറിന്റെ വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത് . ഈ കരാറിന്റെ ഭാഗമായി ജയസൂര്യയ്ക്ക് ലഭിച്ച പണം കമ്പനി നടത്തിയ തട്ടിപ്പിൽ നിന്നാണ് ലഭിച്ചതെന്നാണ് ഇഡിയുടെ നിഗമനം . ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് , ഇഡി അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ അന്വേഷണത്തിന് ശേഷം ഏജൻസി ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന് സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. രണ്ട് ദിവസം മുൻപും ജയസൂര്യയെയും, ഭാര്യയെയും ഇഡി ചോദ്യം ചെയ്തിരുന്നു .
ഓൺലൈൻ ലേല ആപ്പ് സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്താണ് ജയസൂര്യയെ ആപ്പിന്റെ ബ്രാൻഡ് അംബാസഡറാകാൻ ക്ഷണിച്ചിരുന്നത്. ആപ്പിന്റെ പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. സേവ് ബോക്സ് എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ തൃശൂർ സ്വദേശിക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സേവ് ബോക്സ് ആപ്പ് നിക്ഷേപമെന്ന പേരിൽ കോടികൾ തട്ടിച്ചതിന് ഇതിന്റെ ഉടമ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക് റഹീം.
ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കൽ, ആമസോൺ മാതൃകയിലുള്ള സേവ് ബോക്സ് എക്സ്പ്രസ് എന്ന ഡെലിവറി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപം ശരിയാക്കൽ, ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ ഏജൻസി ആരംഭിക്കൽ തുടങ്ങി ഒട്ടേറെ പദ്ധതികളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് സ്വാതിക് ആളുകളിൽനിന്ന് പിരിച്ചത് എന്നായിരുന്നു ആരോപണം.

