തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്ത് സുരേഷിനെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു. സുകാന്തിനെ കേസിൽ പ്രതിയാക്കിയ വിവരം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് ഐബി നടപടി സ്വീകരിച്ചത്.
ഐബി ഉദ്യോഗസ്ഥയുടെ മരണശേഷം സുകാന്തും കുടുംബവും പോലീസിനെ വെട്ടിച്ച് ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം സുകാന്തിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി കോടതി ഉത്തരവുമായി എത്തിയ ശേഷം പൂട്ട് തകർത്താണ് അകത്ത് കടന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച തിരച്ചിൽ രണ്ടര മണിക്കൂറോളം നീണ്ടു. ഒരു ഹാർഡ് ഡിസ്കും രണ്ട് ബാങ്ക് പാസ്ബുക്കുകളും പോലീസ് കണ്ടെത്തി.
തിരുവനന്തപുരം പേട്ട സ്റ്റേഷൻ എസ്ഐ ബാലു, സിവിൽ പോലീസ് ഓഫീസർ അൻസാർ, ചങ്ങരംകുളം സ്റ്റേഷനിലെ എസ്സിപി സബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത് . കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേട്ടയിൽ വനിതാ ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിനിനു മുന്നിൽ ചാടി ജീവിതം അവസാനിപ്പിച്ചത്. സുകാന്തുമായി മേഘയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും, ഗർഭച്ഛിദ്രം നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു.

