തിരുവനന്തപുരം : കേരളത്തിലെ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ .മലയാളികളായ ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് നിർമ്മിച്ചതിന് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെയും , അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപം നടത്തിയതിന് കൃഷി വകുപ്പ് സെക്രട്ടറി എൻ പ്രശാന്തിനുമാണ് സസ്പെൻഷൻ.
ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇരുവർക്കുമെതിരെ കടുത്ത നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും , ഉചിതമായ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട് . തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത് . എന്നാൽ അത് സത്യമല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പ്രശാന്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് സമൂഹമാദ്ധ്യമത്തിൽ രംഗത്ത് വന്നത്. പ്രശാന്ത് സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.