തിരുവനന്തപുരം: സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ . വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഹിന്ദു വോട്ടുകൾ നേടാനാണോ അയ്യപ്പ സംഗമം നടത്തുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
‘ കേരളത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഞാൻ ഒരു രാഷ്ട്രീയ പണ്ഡിതനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ശബരിമലയിൽ ഞാൻ പതിനെട്ട് പടികൾ കയറിയിട്ടുണ്ട്. ശബരിമലയെക്കുറിച്ച് എനിക്ക് ആവശ്യത്തിന് അറിവുണ്ട്. കാൾ മാർക്സിനെ വായിച്ച മുഖ്യമന്ത്രിയെപ്പോലെ ഒരു പണ്ഡിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ളതാണ്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ, സംഗമത്തെക്കുറിച്ച് സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണോ? ദേവസ്വം ബോർഡ് ചെയർമാനല്ലേ? ഹിന്ദു വോട്ടുകൾ നേടാൻ വേണ്ടി തിരഞ്ഞെടുപ്പിന് മുമ്പ് കളിക്കുന്ന നാടകമാണിത്.
എന്തിനാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്? അദ്ദേഹം എപ്പോഴാണ് അയ്യപ്പ ഭക്തനായി മാറിയത്? ഹിന്ദുക്കൾ ഒരു വൈറസാണെന്ന് പറഞ്ഞ ഡിഎംകെയുടെ സ്റ്റാലിനും, അയ്യപ്പ ഭക്തരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കരുത്. മുഖ്യമന്ത്രി ഒരു നിരീശ്വരവാദിയാണ്. ആരാധനയെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ ആര് വിശ്വസിക്കും. അവിശ്വാസിയായ ഒരു മുഖ്യമന്ത്രി പരിപാടി നടത്തണോ? ആരെങ്കിലും മുസ്ലീം സമൂഹത്തിനെതിരെ സംസാരിക്കുന്നവരെ മുസ്ലീം ചടങ്ങിലേക്ക് ക്ഷണിക്കുമോ? ‘ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
അതേസമയം, സി.കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാറിനെതിരായ പരാതി ബോംബോ പടക്കമോ ഒന്നുമല്ല. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ തന്ത്രമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

