കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (മെയ് 29, 2025) അവധിയായിരിക്കുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത് .
മെയ് 29, 30 തീയതികളിൽ കാസർകോട് ജില്ലയിലും റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 29 ന് ജില്ലാ കളക്ടർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമൊന്നും ഉണ്ടാകില്ല.
റെഡ് അലേർട്ട് ദിവസങ്ങളിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരിക്കും. ബീച്ചുകളിൽ വിനോദസഞ്ചാരികളെ അനുവദിക്കില്ല. രാത്രിയിൽ മലയോര പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കാനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
ഇന്ന് മുതൽ വെള്ളിയാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മിതമായ മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച വരെ കടലിൽ പോകരുതെന്നും നിർദേശ്ശമുണ്ട്.

