തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ ശരിയായ അന്വേഷണം നടക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. സ്വർണ്ണ മോഷണം മറയ്ക്കാൻ വേണ്ടി ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ബോർഡിന് തെറ്റ് പറ്റിയെന്ന് മനസ്സിലാക്കിയ ശേഷമാണ് ബന്ധപ്പെട്ട അധികാരികൾക്ക് വിശദീകരണ നോട്ടീസ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണ മോഷണത്തിൽ ഉൾപ്പെട്ട എല്ലാ കുറ്റവാളികളെയും ശിക്ഷിക്കണം. അയ്യപ്പന്റെ ഒരു തരി പോലും നഷ്ടപ്പെടരുത്. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെ കൂടാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, കുറ്റവാളികളെ കണ്ടെത്തുമെന്നും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം കുറ്റവാളികളിലേക്ക് എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുരാരി ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടയുമെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം ബോർഡിന് ഒന്നും മറച്ചുവെക്കാൻ ഇല്ല. ദേവസ്വം ബോർഡിനെ കുടുക്കുക എന്നതായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ലക്ഷ്യമെന്ന് പ്രശാന്ത് വ്യക്തമാക്കി.
ചിലർ അനാവശ്യമായി തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്. അതില്‍ കാര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു. ഇതിനുമുൻപിറങ്ങിയ ഉത്തരവുകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. തന്നെയും പോറ്റിയെയും ബന്ധിപ്പിക്കാനുള്ള ഒരു ശ്രമവും വിജയിക്കില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

