തിരുവനന്തപുരം : സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനർക്രമീകരിച്ച് ലേബർ കമ്മീഷണർ . ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് നിർദേശത്തിൽ പറയുന്നത് .
രാവിലെ ഏഴിനും, വൈകിട്ട് ഏഴിനും ഇടയിൽ ജോലി സമയം എട്ട് മണിക്കൂറായി ക്രമീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇന്ന് മുതൽ മെയ് 10 വരെയാണ് നിയന്ത്രണം . തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലാണ് നിർദേശങ്ങൾ .നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും , രക്ഷിതാക്കളും ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് വെയിൽ ഏൽക്കാൻ സാഹചര്യമുള്ള അസംബ്ലികളും, മറ്റ് പരിപാടികളും ഒഴിവാക്കുകയോ, സമയക്രമീകരണം നടത്തുകയോ ചെയ്യണം . അംഗൻ വാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും, അംഗൻ വാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

