കൊച്ചി: വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിമന്യു വധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഹർജി നൽകിയത്.
മറ്റ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതുവരെ വിചാരണ ആരംഭിക്കരുതെന്ന് വാദിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ആദ്യത്തെ 16 പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണെന്നും സ്വതന്ത്രമായി വിചാരണ തുടരാമെന്നും പ്രോസിക്യൂഷൻ വാദിച്ചു . 17 മുതൽ 26 വരെയുള്ള പ്രതികൾ തെളിവുകൾ നശിപ്പിക്കുകയും പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. മാത്രമല്ല ഇത് പ്രാഥമിക പ്രതികളുടെ വിചാരണയ്ക്ക് നിയമപരമായ തടസ്സമല്ലെന്നും ജസ്റ്റിസ് ജി. ഗിരീഷ് പ്രസ്താവിച്ചു.
ഇടുക്കി വട്ടവട സ്വദേശിയും രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിയുമായ അഭിമന്യു (19) 2018 ജൂലൈ 2 നാണ് കൊല്ലപ്പെട്ടത് . കോളേജ് കാമ്പസിലെ രാഷ്ട്രീയ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനിടയാക്കിയത്.

