കൊച്ചി : സർക്കാർ നടത്തുന്ന നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കി. സർവേ നിയമവിരുദ്ധമാണെന്നും സാമ്പത്തിക അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സർവേയ്ക്ക് ബജറ്റിൽ ഒരു വിഹിതവും വകയിരുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു ട്രഷറിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് സർവേ നടത്തുന്നതിനെതിരെ കെഎസ്യു ഹർജി നൽകിയിരുന്നു. ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
പൊതു ട്രഷറിയിൽ നിന്ന് 20 കോടി രൂപ ചെലവഴിച്ച് പാർട്ടി കേഡർമാരെ ഉൾപ്പെടുത്തി നടത്തിയ സർവേ നിയമവിരുദ്ധവും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതുമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. ഹർജിയിലെ വാദം കേട്ട ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. കെഎസ്യു സമർപ്പിച്ച ഹർജികളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
‘നവ കേരള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം’ ഒരു സർവേയല്ലെന്നും ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നുള്ള വിവരശേഖരണം മാത്രമാണെന്നും വിശദീകരിച്ച് സർക്കാർ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കുന്നതിനുള്ള പദ്ധതിയായി മുഖ്യമന്ത്രിയാണ് നവ കേരള സർവേ പ്രഖ്യാപിച്ചത് . സർവേയ്ക്കായി കേരളത്തിലെ 80 ലക്ഷം വീടുകൾ സന്ദർശിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർവേ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, മാർച്ച് 31 വരെ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവരെ നിയമിക്കാൻ പാർട്ടി നിർദ്ദേശിച്ചിരുന്നു

