തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ ചർച്ച നടത്തും. അനിശ്ചിതകാല സമരം 52-ാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത് . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വീണാ ജോർജുമായുള്ള ചർച്ചയിൽ ഓണറേറിയം, റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കാകും മുൻഗണന നൽകുന്നതെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു.
‘കഴിഞ്ഞ തവണത്തേത് പോലെ ഈ യോഗം അവസാനിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മന്ത്രിക്കും സർക്കാരിനും ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അറിയാം. കേവലമായ പ്രഖ്യാപനങ്ങളിലോ ഉറപ്പുകളിലോ ഞങ്ങൾക്ക് താൽപ്പര്യമില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ ഞങ്ങൾ പ്രതിഷേധം അവസാനിപ്പിക്കൂ, ”അവർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിനാൽ ഇത്തവണത്തെ യോഗത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ .ആശ പ്രവർത്തകർ കേന്ദ്ര പദ്ധതിയുടെ പരിധിയിൽ വരുന്നവരാണെന്നും അവരുടെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും അറിയിക്കാൻ കേന്ദ്രമന്ത്രി തന്നോട് ആവശ്യപ്പെട്ടതായി വീണാ ജോർജ് പറഞ്ഞിരുന്നു.