കൊച്ചി: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. നവംബർ 15 ന് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ സർക്കാരിനെയും,ദേവസ്വം ബോർഡിനെയും,ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ശശിധരനും വിജിലൻസ് എസ്പി സുനിൽ കുമാറും ഇന്ന് കോടതിയിൽ ഹാജരായി. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ.
അടച്ചിട്ട മുറിയിലാകും കോടതി നടപടികളെന്ന് രജിസ്റ്റർ വഴി നേരത്തെ വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി.സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.
കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ, പ്രതികൾ സ്വർണ്ണം കൊള്ളയടിക്കാൻ തിരഞ്ഞെടുത്ത വഴികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ബെംഗളൂരുവിലും ചെന്നൈയിലും നടത്തിയ ഗൂഢാലോചനകളും സ്വർണ്ണമെല്ലാം എവിടേക്കാണ് പോയതെന്നും കോടതിയിൽ സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ ഉൾപ്പെടുത്തി അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

