തിരുവനന്തപുരം: കേരളം പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന അങ്കമാലി-ശബരി റെയിൽവേ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും . കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.മന്ത്രി വി അബ്ദുറഹ്മാനും യോഗത്തിൽ പങ്കെടുത്തു
കേന്ദ്രത്തിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം ഉടൻ കേരളത്തിലെത്തും. പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ജൂലൈയിൽ തന്നെ ആരംഭിക്കുമെന്ന് ധാരണയായി. കേരളത്തിന്റെ വടക്ക് നിന്ന് തെക്ക് വരെയുള്ള മൂന്നാമത്തെയും നാലാമത്തെയും ലൈനുകളുടെ ഒരുക്കവും യോഗത്തിൽ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായി
1997-98 ലെ റെയിൽവേ ബജറ്റിൽ ഉൾപ്പെട്ട അങ്കമാലി മുതൽ എരുമേലി വരെയുള്ള പാത 111.48 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. 8 കിലോമീറ്റർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി.അങ്കമാലിക്കും കാലടിക്കും ഇടയിൽ ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമ്മാണവും പൂർത്തിയായി. ഇതോടെ, കേരളത്തിന് റെയിൽ കണക്റ്റിവിറ്റിയുടെയും വികസനത്തിന്റെയും ഒരു പുതിയ ലോകം തുറക്കുകയാണ്. ശബരിമല തീർത്ഥാടകർക്ക് ഈ പാത വളരെയധികം സഹായകരമാകും. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്കും ഇത് ഉത്തേജനം നൽകും. ഇടുക്കി ജില്ലയെ റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ആദ്യ പാത എന്ന പ്രത്യേകതയും ഇതിനുണ്ട്.

