തിരുവനന്തപുരം: വാടക വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതിന് അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ ജീവനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതിയായ രാജസ്ഥാൻ സ്വദേശി ജിതിൻ (27) അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസറാണ്.
കഞ്ചാവ് കൃഷിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കമലേശ്വരത്തെ ജിതിൻ്റെ വീട്ടിൽ എക്സൈസ് ആൻ്റി നാർക്കോട്ടിക് സ്ക്വാഡ് റെയ്ഡ് നടത്തിയത്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനൊപ്പം അദ്ദേഹത്തിൻ്റെ ഓഫീസിലെ മറ്റ് രണ്ട് ജീവനക്കാരും കഴിഞ്ഞ 11 മാസമായി ഈ വീട്ടിൽ താമസിച്ചിരുന്നു.
എന്നാൽ, ടെറസിൽ അനധികൃതമായി കൃഷിയിറക്കിയത് താനാണെന്നും വീട്ടിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അലങ്കാരച്ചെടിയായാണ് താൻ കഞ്ചാവ് വളർത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. കഴിഞ്ഞ നാല് മാസമായി നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ജിതിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ സെക്ഷൻ 22(ബി)(II) പ്രകാരമാണ് ജിതിൻ്റെ പേരിൽ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

